കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഓഫീസില്‍ മോഷണം

കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഓഫീസില്‍ മോഷണം

കാഞ്ഞിരപ്പള്ളി പാറത്തോട് പഞ്ചായത്ത് ഓഫീസില്‍ മോഷണം. പഞ്ചായത്ത് ഓഫീസിന്‍റെയും കുടുംബശ്രീ ഓഫീസിന്‍റെയും പൂട്ട് തകര്‍ത്താണ് മോഷ്ടാക്കള്‍ ഉള്ളില്‍ കടന്നത്. പതിനാറായിരത്തോളം രൂപ അപഹരിച്ചതായി പഞ്ചായത്ത്ജീവനക്കാർ പറഞ്ഞു. വ്യാഴാഴ്ച്ച രാവിലെ ഓഫീസ് തുറക്കാനെത്തിയ ജീവനക്കാരാണ് മോഷണം നടന്ന വിവരം ആദ്യം അറിയുന്നത്. ഉടന്‍ തന്നെ പഞ്ചായത്ത് പ്രസിഡന്റ് ജോളി ഡൊമിനിക്കിനെയും തുടര്‍ന്ന് കാഞ്ഞിരപ്പള്ളി പൊലീസിലും വിവരം അറിയിച്ചു. താക്കോല്‍ ഉപയോഗിച്ചു തന്നെയാണ് ലോക്കര്‍ തുറന്ന് പണം കവര്‍ന്നതെന്നു പൊലീസെത്തി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. പഞ്ചായത്തില്‍ നികുതി ഇനത്തില്‍ ലഭിച്ച പണമാണ് നഷ്ടപ്പെട്ടിരിക്കുന്നത്. മോഷ്ടാക്കൾ ഓഫീസിനുള്ളിലെ ഫയലുകള്‍ വാരി വലിച്ചിടുകയും ചിലത് നശിപ്പിക്കുകയും ചെയ്തു . പ്രസിഡന്റിന്റെ മേശവലിപ്പ് തുറക്കാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. കുടുംബശ്രീയുടെ ഓഫീസ് സമീപ കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. അലമാരയുടെ പൂട്ട് തകര്‍ത്താണ് ഇവിടെ നിന്നും പണം കവര്‍ന്നത്. കോട്ടയത്തുനിന്ന് വിരലടയാള വിദഗ്ധരും പോലീസ് നായയും സ്ഥലത്തെത്തിയിരുന്നു. പൊലീസ് നായ പഞ്ചായത്ത് ഓഫീസിലും കുടുംബശ്രീ ഓഫീസിലും മണം പിടിച്ച് കുടുംബശ്രീയുടെ കെട്ടിടത്തിന്റെ പിന്നിലൂടെ ഓടി തൊട്ടടുത്ത് പ്രവര്‍ത്തിക്കുന്ന ഷാപ്പിനോടു ചേര്‍ന്ന് തുറന്നുകിടക്കുന്ന അടുക്കളയില്‍ എത്തി നിന്നു. കാഞ്ഞിരപ്പള്ളി എസ്.ഐ എ.എസ്. അന്‍സല്‍, പി.വി. വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. തദ്ദേശവാസികളായ മുന്‍ മോഷ്ടാക്കളെ കേന്ദ്രീകരിച്ചാണ് എപ്പോൾ അന്വേഷണം നടന്നുകൊണ്ടിരിക്കുന്നതു. ഓഫീസിനുള്ളിലെ ഫയലുകളിൽ നിന്നും രേഖകള്‍ എന്തെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിച്ച് വരികയാണ്.