അടൂര്‍ ഏനാത്ത് പാലത്തിന്‍റെ ഒരു വശം താഴ്ന്നു

എംസി റോഡിലെ പ്രധാന പാലങ്ങളിലൊന്നായ ഏനാത്ത് പാലം താഴ്ന്നതായി നിഗമനം. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചോടെയാണ് പാലത്തിന് ചരിവ് സംഭവിച്ചതായി നാട്ടുകാര്‍ കണ്ടെത്തിയത്. ചെറിയ ശബ്ദത്തോടെ ഉപരിതലത്തിലെ കൈവരികള്‍ അകന്നുമാറി. പാലത്തിന്റെ കൊല്ലം ജില്ലയുടെ ഭാഗത്തുള്ള തൂണുകളിലൊന്നിന് ചരിവ് സംഭവിച്ചിട്ടുള്ളതായും നാട്ടുകാര്‍ കണ്ടെത്തിയിട്ടുണ്ട്. സംഭവമറിഞ്ഞെത്തിയ പോലീസ് അല്‍പസമയം ഗതാഗതം നിര്‍ത്തിവച്ചു. അവരുടെ പരിശോധനയില്‍ അപകടാവസ്ഥയിലല്ലെന്നു ബോധ്യപ്പെട്ടതിനാല്‍ ഗതാഗതം പുനസ്ഥാപിച്ചു.

രാത്രിയായതിനാല്‍ പാലത്തിന്റെ അടിഭാഗത്ത് പരിശോധന നടത്താന്‍ കഴിഞ്ഞിട്ടില്ല. സംസ്ഥാന സര്‍ക്കാരിന്റെ പാലം – റോഡ് വിഭാഗത്തിലെ വിദഗ്ധര്‍ ബുധനാഴ്ച സ്ഥലപരിശോധന നടത്തും.

15 വര്‍ഷം മുൻപാണ് കല്ലടയാറിന് കുറുകെ ഏനാത്ത് പുതിയ പാലം നിര്‍മിച്ചത്. ബ്രിട്ടീഷ് ഭരണകാലത്ത് നിര്‍മിച്ച 105 വര്‍ഷം പഴക്കമുള്ള പഴയപാലം പൊളിച്ചുമാറ്റിയാണ് പുതിത പാലം നിര്‍മിച്ചത്. കൊല്ലം – പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിക്കുന്നതാണ് ഏനാത്ത് പാലം.