സൗദിയില്‍ പലയിടങ്ങളിലും മഴ തുടരുന്നു. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും ഒരാഴ്ചയായി ഇടവിട്ട മഴ ലഭിക്കുന്നുണ്ട്. വെള്ളക്കെട്ടിലും മഴവെള്ളച്ചാലുകളിലും വാഹനങ്ങള്‍ അകപ്പെട്ടും മറ്റും കുടുങ്ങിപ്പോയ 951 പേരെ രക്ഷപ്പെടുത്തിയതായി സൗദി സിവില്‍ ഡിഫന്‍സ് അറിയിച്ചു. വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് പ്രയാസത്തിലായ 119 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.അല്‍ഖര്‍ജിലാണ് ഏറ്റവും കൂടുതല്‍ മഴക്കെടുതി അനുഭവപ്പെട്ടത്. ഈ മേഖലയില്‍ വിവിധ സ്ഥലങ്ങളില്‍ കുടുങ്ങിയ 59 പേരെ രക്ഷപ്പെടുത്തിയതായി റിയാദ് സിവില്‍ ഡിഫന്‍സ് വക്താവ് ക്യാപ്റ്റന്‍ മുഹമ്മദ് അല്‍ഹമ്മാദി പറഞ്ഞു. അല്‍ഖര്‍ജിലെ ദലം എന്ന പ്രദേശത്ത് ശക്തമായ മഴയില്‍ വെള്ളക്കെട്ടും നീര്‍ച്ചാലുകളും രൂപപ്പെട്ടു. പല സ്ഥലങ്ങളിലും ജനങ്ങള്‍ കുടുങ്ങിക്കിടക്കുന്നതായി റിപോര്‍ട്ടുകളുണ്ട്. അഫ്‌ലാജില്‍ വിവിധ സ്ഥലങ്ങളില്‍ അകപ്പെട്ടുപോയവരെ രക്ഷപ്പെടുത്തിയതായി സിവില്‍ ഡിഫന്‍സ് അറയിച്ചു. ദലം മേഖലയില്‍ 10 മണിക്കൂറാണ് തുടര്‍ച്ചയായി ശക്തമായ മഴ പെയ്തത്. അതുകൊണ്ടു തന്നെ ഈ മേഖലയിലാണ് ഏറ്റവും കുടുതല്‍ മഴക്കെടുതി അനുഭവപ്പെടുന്നത്. ദമ്മാം ഉള്‍പ്പെട്ട കിഴക്കന്‍ പ്രവിശ്യയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളക്കെട്ടില്‍ വിവിധ സ്ഥലങ്ങളില്‍ വാഹനങ്ങളില്‍ കുടുങ്ങിപ്പോയ 81 പേരെ രക്ഷപ്പെടുത്തി. മഴക്കെടുതിയെ തുടര്‍ന്ന് 2,553 പേര്‍ സഹായം തേടി തങ്ങളെ ബന്ധപ്പെട്ടതായി പ്രവിശ്യ സിവില്‍ ഡിഫന്‍സ് അറിയിച്ചു. അല്‍ഖോബാറില്‍ സ്‌കൂള്‍ വാഹനത്തില്‍ കുടുങ്ങിപ്പോയ 25 വിദ്യാര്‍ഥിനികളെ രക്ഷപ്പെടുത്തി. ഖോബാറില്‍ തന്നെ മറ്റൊരു വാഹനത്തില്‍ അകപ്പെട്ട നാലു പേരെയും ദമ്മാമില്‍ ബസ്സില്‍ കുടുങ്ങിയ 42 പേരെയും സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തി. ഖത്വീഫ്, അല്‍ഹസ, നഅരിയ്യ, അബ്ഖീഖ് തുടങ്ങിയ സ്ഥലങ്ങളില്‍ വെള്ളക്കെട്ടില്‍ പെട്ട വാഹനങ്ങളിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്തി. പ്രവിശ്യയിലെ പല ഭാഗങ്ങളിലും ശക്തമായ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ശക്തമായ മഴക്കുള്ള സാധ്യത കണക്കിലെടുത്ത് ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സൗദി സിവില്‍ ഡിഫന്‍സ് ആവശ്യപ്പെട്ടു.