ഇഷ്ടമുള്ള തൊഴില്‍ മേഖലയില്‍ കഴിവുള്ളവരായി മാറാന്‍ വിദ്യാര്‍ഥികള്‍ ശ്രമിക്കുക: ജില്ലാ കളക്ടര്‍

പഠിക്കുമ്പോള്‍തന്നെ വിദ്യാര്‍ഥികള്‍ ഏത് ജോലിയാണോ നേടാന്‍ ആഗ്രഹിക്കുന്നത് ആ മേഖലയില്‍ പരമാവധി അറിവു നേടാന്‍ ശ്രമിക്കുകയും പ്രാഗല്‍ഭ്യം നേടുകയും ചെയ്താല്‍ ഭാവിയില്‍ തൊഴില്‍ മേഖലയില്‍ അവര്‍ക്ക് മുതല്‍കൂട്ടാകുമെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് പറഞ്ഞു. ലോക്ഡൗണ്‍ കാലത്ത്, വിവിധ മേഖലകളില്‍ പ്രാഗല്‍ഭ്യം തെളിയിച്ച വ്യക്തികളുമായി ജില്ലയിലെ ഐടിഎ, പോളിടെക്‌നിക്ക്, ആര്‍ട്ട്‌സ് ആന്‍ഡ് സയന്‍സ്, എന്‍ജിനിയറിംഗ് കോളജ് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്കായി
അസാപ്പ് (അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം) സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ ആശയവിനിമയത്തിന്റെ ( വെബ്‌നര്‍ സീരീസ്) ജില്ലാതല ഉദ്ഘാടനം കളക്ടറേറ്റില്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു കളക്ടര്‍. ജോലി ലഭിക്കാന്‍ വേണ്ടി പഠിക്കുന്നതിനെക്കാള്‍ നല്ലത് ഇഷ്ടപ്പെട്ട ജോലി ലഭിക്കാന്‍ ആമേഖലയില്‍ പ്രാഗല്‍ഭ്യം നേടുക എന്നതാണും അദ്ദേഹം പറഞ്ഞു. വിവിധ സ്ഥലങ്ങളില്‍ നിന്ന് ആയിരം വിദ്യാര്‍ഥികള്‍ ഓണ്‍ലൈനായി പരിപാടി വീക്ഷിക്കുകയും തങ്ങളുടെ സംശയങ്ങള്‍ ജില്ലാ കളക്ടറോടു ചോദിച്ച് മനസിലാക്കുകയും ചെയ്തു.
വരും ദിവസങ്ങളില്‍ വിവിധ മേഖലകളില്‍ പ്രാഗല്‍ഭ്യം തെളിയിച്ചവര്‍ ഓണ്‍ലൈന്‍ മാര്‍ഗം വിദ്യാര്‍ഥികള്‍ക്കായി വെബ്‌നര്‍ സീരീസ് വഴി തങ്ങളുടെ അറിവുകള്‍ പങ്കുവയ്ക്കും. പരിപാടിയുടെ ജില്ലാതല ഉദ്ഘാടന ചടങ്ങില്‍ വിവിധ സ്ഥലങ്ങളില്‍ ഇരുന്ന് അസാപ്പ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് ഹെഡ് ടി.വി. വിനോദ്, സഹസ്ര ഇലക്‌ട്രോണിക്‌സ് ഡയറക്ടര്‍ വരുണ്‍ മന്‍വാനി, കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് കുന്നന്താനം എസ്പിഎം ആര്‍. രാഹുല്‍, കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് കഴക്കൂട്ടം സിപിഎം കെ. ശ്രീജിത്ത്, ഡിസ്ട്രിക്ക് പ്രോഗ്രാം മാനേജര്‍ പ്രദീപ് എന്നിവര്‍  പങ്കെടുത്തു.