തിങ്കഴാഴ്ച മുതല്‍ തിരുവല്ല റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിച്ച സാഹചര്യത്തില്‍ സൗകര്യങ്ങള്‍ വിലയിരുത്തുന്നതിന് തിരുവല്ല റയില്‍വേ സ്റ്റേഷനില്‍ സബ് കളക്ടര്‍ ഡോ.വിനയ് ഗോയലിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു.
ട്രെയിനില്‍ ഇറങ്ങുന്ന യാത്രക്കാരെ പരിശോധനയ്ക്ക് വിധേയമാക്കും.
റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറത്തു കടക്കാന്‍ ഒരു വഴി മാത്രമാണ് ഉണ്ടാവുക. മറ്റെല്ലാ വഴികളും പോലീസ് അടയ്ക്കും. ഏകദേശം 250 ഓളം ആള്‍ക്കാരാവും ഒരു ട്രെയിനില്‍ വന്നിറങ്ങുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. മൂന്നാമത്തെ പ്ലാറ്റ്‌ഫോമിലാണ് ട്രെയിന്‍ വരുക. ട്രെയിനില്‍ നിന്നിറങ്ങുന്ന ആളുകളെ ആര്‍പിഎഫിന്റെ സഹായത്തോടെ സാമൂഹിക അകലം പാലിച്ച്് ഒന്നാമത്തെ പ്ലാറ്റ് ഫോമിലേക്കെത്തിക്കും. ഒന്നാമത്തെ പ്ലാറ്റ്‌ഫോമില്‍ എത്തിയാല്‍ ആദ്യം ഇവരുടെ സാധന സാമഗ്രികള്‍ നഗരസഭയും, ഫയര്‍ഫോഴ്‌സും ചേര്‍ന്ന് അണുവിമുക്തമാക്കും. തുടര്‍ന്ന് മൂന്ന് ടീമുകള്‍ തെര്‍മല്‍ സ്‌കാനിംഗ് നടത്തും.
സ്‌കാനിംഗില്‍ രോഗലക്ഷണമുണ്ടെന്ന് കണ്ടെത്തിയാല്‍ അവരുടെ സ്രവം ശേഖരിച്ച് പരിശോധനയ്ക്ക് അയയ്ക്കും. ഇവരെ നേരിട്ട് കോവിഡ് ആശുപത്രിയിലേക്ക് കൊണ്ടു പോകുകയും ചെയ്യും. രോഗലക്ഷണമില്ലാത്തവരെ റയില്‍വേ സ്റ്റേഷനില്‍ തയാറാക്കുന്ന പാസഞ്ചര്‍ ലോഞ്ചിലേക്ക് മാറ്റും. പാസഞ്ചര്‍ ലോഞ്ചില്‍ വച്ച് സെല്‍ഫ് റിപ്പോര്‍ട്ടിംഗ് ഫോം പൂരിപ്പിച്ചു നല്‍കണം. ശേഷം ആറ് താലൂക്കുകള്‍ക്കായും, ഇതര ജില്ലകള്‍ക്കുമായി തയാറാക്കിയ ഏഴ് കൗണ്ടറുകളില്‍ എത്തണം.
കൗണ്ടറുകളില്‍ ഡോക്ടര്‍മാരുടെ പരിശോധന യ്ക്കു ശേഷം ഡേറ്റാ എന്‍ട്രി സ്റ്റേഷനില്‍ എത്തി ഡാറ്റ കൈമാറണം. കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ വിവരങ്ങള്‍ രേഖപ്പെടുത്തിയതിനു ശേഷം താലൂക്കുതലത്തില്‍ തയാറാക്കിയ ബസുകളില്‍ ആളുകളെ താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ എത്തിക്കും. തിങ്കളാഴ്ച രാവിലെ 10.30ന് മോക്ഡ്രില്‍ നടത്തുമെന്ന് സബ് കളക്ടര്‍ പറഞ്ഞു. എല്‍ എ ഡെപ്യുട്ടി കളക്ടര്‍ എസ്.എച്ച്. സജികുമാര്‍, എന്‍എച്ച്എം ഡി പി എം എബി സുഷന്‍, തിരുവല്ല തഹസില്‍ദാര്‍ പി. ജോണ്‍ വര്‍ഗീസ്, എന്‍ഐസി ടെക്‌നിക്കല്‍ ഡയറക്ടര്‍ ജിജി ജോര്‍ജ്, മറ്റ് ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങുന്ന യാത്രക്കാരെ പരിശോധിക്കും
RELATED ARTICLES