Sunday, October 6, 2024
Homeപ്രാദേശികംമിഷന്‍ ഗ്രീന്‍ ശബരിമല പദ്ധതി: നിലയ്ക്കലില്‍ തുണിസഞ്ചി വിതരണം തുടങ്ങി

മിഷന്‍ ഗ്രീന്‍ ശബരിമല പദ്ധതി: നിലയ്ക്കലില്‍ തുണിസഞ്ചി വിതരണം തുടങ്ങി

ജില്ലാ ഭരണകൂടം നടപ്പാക്കുന്ന മിഷന്‍ ഗ്രീന്‍ ശബരിമല പദ്ധതിയുടെ ഭാഗമായി ശുചിത്വമിഷന്റെ നേതൃത്വത്തില്‍ നിലയ്ക്കലില്‍ തുണിസഞ്ചി വിതരണ കൗണ്ടര്‍ തുടങ്ങി. പ്ലാസ്റ്റിക് ക്യാരിബാഗ് കൊണ്ടുവരുന്ന അയ്യപ്പഭക്തരില്‍ നിന്നും അവ വാങ്ങിയതിനു ശേഷമാണ് തുണിസഞ്ചി സൗജന്യമായി നല്‍കുന്നത്.  നിലയ്ക്കല്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിന് സമീപമുള്ള തുണിസഞ്ചി വിതരണ കൗണ്ടര്‍ തീര്‍ഥാടന കാലം മുഴുവനും 24 മണിക്കൂറും പ്രവര്‍ത്തിക്കും. തുണിസഞ്ചി വിതരണ കൗണ്ടറിന്റെ പ്രവര്‍ത്തനോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി നിര്‍വഹിച്ചു. മിഷന്‍ ഗ്രീന്‍ ശബരിമല പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ലാ ശുചിത്വമിഷന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമെന്നും മുന്‍ വര്‍ഷങ്ങളില്‍ ജില്ലാ ശുചിത്വമിഷന്റെ നേതൃത്വത്തില്‍ മിഷന്‍ ഗ്രീന്‍ ശബരിമല പദ്ധതിയുമായി ബന്ധപ്പെട്ട് നടത്തിവരുന്ന ബോധവത്കരണ പ്രവര്‍ത്തനങ്ങളുടേയും ശുചീകരണ പരിപാടികളുടേയും ഫലമായി ശബരിമലയിലേയും പോകുന്ന വഴികളിലേയും പ്ലാസ്റ്റിക് ഉള്‍പ്പടെയുള്ള അജൈവ മാലിന്യങ്ങളുടെ അളവ് വളരെയധികം കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ടെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.  ശബരിമല അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് എന്‍.എസ്.കെ ഉമേഷ്, പോലീസ് സ്‌പെഷല്‍ ഓഫീസര്‍ കെ.കെ അജി, നിലയ്ക്കല്‍ ഡ്യൂട്ടി മജിസ്‌ട്രേറ്റ് ബിജു, നിലയ്ക്കല്‍ ദേവസ്വം ബോര്‍ഡ്അസിസ്റ്റന്റ് എഞ്ചിനീയര്‍ ശ്രീപദ്, ജില്ലാ ശുചിത്വമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ സി. രാധാകൃഷ്ണന്‍, അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ ടി.എം.ജോസഫ്, പ്രോഗ്രാം ഓഫീസര്‍ കെ.ആര്‍ അജയ്, ടെക്‌നിക്കല്‍ കണ്‍സള്‍ട്ടന്റ് ജെറിന്‍ ജെയിംസ് വര്‍ഗീസ്, ക്രിസ് ഗ്ലോബല്‍ ട്രേഡേഴ്‌സ് സി.ഇ.ഒ എം. ക്രിസ്റ്റഫര്‍  എന്നിവര്‍ സംസാരിച്ചു. പത്തനംതിട്ട ഐ.ഡി.ബി.ഐ ബാങ്ക്, ജോയി ആലുക്കാസ്, ജോസ്‌കോ ജൂവലേഴ്‌സ്, ശ്രീവത്സം സില്‍ക്‌സ് എന്നീ സ്ഥാപനങ്ങള്‍ തുണിസഞ്ചി വിതരണ കൗണ്ടറിലേക്കുള്ള സഞ്ചികള്‍ സ്‌പോണ്‍സര്‍ ചെയ്തിരുന്നു. ബാക്കി അന്‍പതിനായിരത്തോളം തുണി സഞ്ചികള്‍ ജില്ലാ ശുചിത്വമിഷന്‍ നേരിട്ട് തയാറാക്കി നല്‍കും. 

RELATED ARTICLES
- Advertisment -

Most Popular

Recent Comments