വിഷു കൈനീട്ടം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി കുരുന്നു വിദ്യാര്‍ഥിനി

കഴിഞ്ഞ വര്‍ഷം ലഭിച്ച വിഷുകൈനീട്ടം സൂക്ഷിച്ചുവച്ചിരുന്ന മൂന്നാം ക്ലാസുകാരി കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തിനായി തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി. അച്ഛനും അമ്മയ്ക്കും ഒപ്പം കളക്ടറേറ്റില്‍ എത്തി ജില്ലാ കളക്ടര്‍ പി.ബി നൂഹിന് വൈഗ പി. മനോജ് തുക കൈമാറി.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ കുരുന്നു വിദ്യാര്‍ഥികള്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തതിനെ അഭിനന്ദിച്ചിരുന്നു. ഇതില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്് മകള്‍ വൈഗ സ്വന്തം തീരുമാനപ്രകാരം തുക ദുരിതാശ്വാസ നിധിയിലേക്ക് കൈമാറണമെന്ന് അറിയിക്കുകയായിരുന്നെന്ന് അച്ഛന്‍ പി.എസ് മനോജ്കുമാര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം വിഷു കൈനീട്ടം ലഭിച്ച 1,290 രൂപയും ഈവര്‍ഷം കൈനീട്ടം ലഭിച്ച 150 രൂപയും ചേര്‍ത്ത് 1,440 രൂപയാണ് വൈഗ പി മനോജ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്.
ലോക്ഡൗണായതിനാല്‍ വിഷുവിന് ബന്ധു വീടുകളില്‍ പോകാന്‍ കഴിയാത്തതു മൂലമാണ് ഈ വര്‍ഷത്തെ കൈനീട്ട തുക കുറഞ്ഞതെന്ന് കുഞ്ഞു വൈഗ പറഞ്ഞു. സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന പെരുമ്പെട്ടി പുത്തന്‍പുരയില്‍ പി.എസ് മനോജ്കുമാറിന്റെയും ഭാര്യ വിദ്യ മനോജിന്റെയും ഏകമകളാണ് എട്ടു വയസുകാരി വൈഗ പി മനോജ്. ചുങ്കപ്പാറ ക്രിസ്തുരാജ ഇഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് വൈഗ പി മനോജ്.