വിഷാദവും സങ്കടവും ഒഴിഞ്ഞ നേരമില്ലെന്ന് പരിഭവിക്കുന്നവരെ, വേഗം തന്നെ ഒരു ഡയറിയെടുത്തോളൂ, നിങ്ങൾക്ക് തോന്നുന്നതൊക്കെ, അത് സന്തോഷമായാലും സങ്കടമായാലും എന്ത് തന്നെയായലും അത് ഡയറിയിലേക്ക് കുത്തിക്കുറിച്ചോളൂ എന്നാണ് ഏറ്റവും പുതിയ മാനസികാരോഗ്യപഠനങ്ങൾ പറയുന്നത്. മാനസികവിഷാദത്തിന് ചികിത്സ തേടിയെത്തുന്നവരോട് ഡോക്ടർമാർ ആദ്യം നിർദേശിക്കുന്നതും ഡയറിയെഴുതാനാണ്. ഓരോ ദിവസത്തെയും വിശേഷങ്ങളും ആശങ്കകളും ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളുമൊക്കെ ഇത്തരത്തിൽ കുറിച്ചുവയ്ക്കാം. ഇടയ്ക്കിടെ എഴുതിയൊതൊക്കെ ഒന്ന് മറിച്ചുനോക്കുന്നതും നല്ലതാണെന്ന് പഠനങ്ങളിലുണ്ട്. കാരണം മറ്റൊന്നുമല്ല, വായിക്കുമ്പോൾ കണ്ണിലുടക്കുകയും അത് തലച്ചോറിലെത്തുകയും ചെയ്യും. അപ്പോൾ മനസിലാകും, ഇതൊക്കെ എത്ര നിസാര പ്രശ്നമായിരുന്നു എന്ന്. മാത്രമല്ല, സ്വപ്നങ്ങളെക്കുറിച്ച് വീണ്ടുമോർക്കാനും ഈ പുനർവായന നല്ലതാണത്രെ.