ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ സന്ദർശകരായ ടീം ഇന്ത്യക്ക് 208 റൺസിന്‍റെ വിജയലക്ഷ്യം

india 208 runs

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ സന്ദർശകരായ ടീം ഇന്ത്യക്ക് 208 റൺസിന്‍റെ വിജയലക്ഷ്യം. 77 റൺസ് ലീഡുമായി രണ്ടാം ഇന്നിങ്സിനിറങ്ങിയ ദക്ഷിണാഫ്രിക്കയെ ഇന്ത്യൻ പേസർമാർ 130 റൺസിനു എറിഞ്ഞൊതുക്കി. ഇതൊടെയാണ് കേപ്‌ടൗൺ ടെസ്റ്റിൽ ഇന്ത്യയുടെ വിജയം 208 റൺസ് അകലെ മാത്രമായത്. മൂന്നാം ദിനം മഴകാരണം ഒരുപന്തു പോലും എറിയാന്‍ കഴിയാതിരുന്ന മത്സരത്തിന്‍റെ നാലാം ദിനം 65/2 എന്ന നിലയില്‍ രണ്ടാം ഇന്നിങ്സ് ബാറ്റിങ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്കയെ ഇന്ത്യൻ പേസർമാർ വരിഞ്ഞു മുറുക്കുകയായിരുന്നു. ഇന്ത്യക്ക് വേണ്ടി ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയും മൂന്ന് വീതവും ഭുവനേശ്വര്‍ കുമാറും ഹര്‍ദിക് പാണ്ഡ്യയും രണ്ടു വീതം വിക്കറ്റുകളും നേടി. 35 റണ്‍സ് നേടിയ എ.ബി. ഡിവില്ലിയേഴ്‌സാണ് ദക്ഷിണാഫ്രിക്കയുടെ ടോപ്പ് സ്‌കോറര്‍. എയ്ദന്‍ മാര്‍ക്രം (34), ഡീന്‍ എല്‍ഗാര്‍ (25) എന്നിവര്‍ രണ്ടാം ദിനം തന്നെ പുറത്തായിരുന്നു. ദക്ഷിണാഫ്രിക്കയുടെ ആറ് ബാറ്റ്‌സ്മാന്‍മാര്‍ക്ക് രണ്ടക്കം കടക്കാനായില്ല. ഒന്നരദിവസം കളി ശേഷിക്കെ ഇന്ത്യൻ ബാറ്റിങ് നിര പിടിച്ചു നിന്നാൽ, ദക്ഷിണാഫ്രിക്കൻ മണ്ണിലെ ചരിത്രവിജയം കൈപ്പിടിയിലൊതുക്കാം.