കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്കായി എക്സ്‌ക്ലൂസീവ് പെയ്ഡ് മെംബര്‍ഷിപ്പ് അവതരിപ്പിച്ചു

blasters kerala

ഇന്ത്യന്‍ സൂപ്പര്‍ ലീഗ്(ഐഎസ്എല്‍)ന്റെ ആറാം പതിപ്പിന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്കായി എക്സ്‌ക്ലൂസീവ് പെയ്ഡ് മെംബര്‍ഷിപ്പ് പ്രോഗ്രാമായ ‘കെബിഎഫ്സി ട്രൈബ്‌സ് പാസ്‌പോര്‍ട്ട്’ അവതരിപ്പിച്ചു.

കെബിഎഫ്സി ട്രൈബ്‌സ് പാസ്‌പോര്‍ട്ട് സ്വന്തമാക്കുന്നതിലൂടെ ആരാധകര്‍ക്ക് അവരുടെ പ്രിയപ്പെട്ട ടീമുമായി ഇടപഴകുവാന്‍ അവസരം ലഭിക്കും.കൂടാതെ അംഗത്വം എടുത്ത ആരാധകര്‍ക്ക് മറ്റുള്ളവര്‍ക്ക് ലഭിക്കുന്നതിലുപരിയായി പ്രത്യേക അവസരങ്ങള്‍ ലഭ്യമാകും. ഇതിലൂടെ ഹോം മാച്ചുകള്‍ക്ക് സ്റ്റേഡിയത്തില്‍ ഏറ്റവും ആദ്യം മികച്ച സീറ്റുകള്‍ ബുക്ക് ചെയ്യുന്നതിനു സാധിക്കും.

കെബിഎഫ്സി ട്രൈബ്‌സ് പാസ്‌പോര്‍ട്ട് പ്ലാറ്റ്ഫോമിലൂടെ ലഭിക്കുന്ന ആക്‌സസ് കോഡ് ഉപയോഗിച്ച് പേടിഎം, ഇന്‍സൈഡര്‍ ആപ്ലിക്കേഷനിലൂടെ എളുപ്പത്തില്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. കൂടാതെ ക്ലബ്ബിന്റെ തീരുമാനങ്ങള്‍ കൈക്കൊള്ളുന്ന ചില തിരഞ്ഞെടുക്കപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുവാനുമുള്ള അവസരം ലഭിക്കുമെന്നും മാനേജ്‌മെന്റ് അറിയിച്ചു.

കെബിഎഫ്സി ട്രൈബ്‌സ് പാസ്‌പോര്‍ട്ട് സ്വന്തമാക്കുന്നവര്‍ക്ക് കെബിഎഫ്സി മെമ്പര്‍ഷിപ് കിറ്റ് ലഭിക്കും. കൂടാതെ കെബിഎഫ്സി സംഘടിപ്പിക്കുന്ന പരിപാടികളിലേക്കുള്ള പ്രവേശനം, കെബിഎഫ്സിയുടെ മറ്റ് വ്യാപാര പങ്കാളികളില്‍ നിന്നും മികച്ച ഓഫറുകള്‍, ഇഷ്ട കളിക്കാരുടെ ചിത്രങ്ങള്‍, വീഡിയോകള്‍, ക്ലബ്ബിന്റെ പ്രഖ്യാപനങ്ങള്‍, ന്യൂസ് ലെറ്ററുകള്‍, മറ്റ് മല്‍സര പദ്ധതികള്‍ എന്നിവയും ലഭ്യമാകും.

തങ്ങളുടെ ആരാധകര്‍ക്ക് ക്ലബിനോടൊപ്പമുള്ള അവരുടെ യാത്രയുടെ ഓരോ നിമിഷങ്ങളും അവിസ്മരണീയമാക്കുന്നതിന് അവരെ ക്ലബ്ബുമായി ഒരു പടികൂടി അടുപ്പിക്കുക എന്ന ലക്ഷ്യമിട്ടുള്ളതാണ് ഞങ്ങളുടെ ഭാഗത്തുനിന്നുള്ള എല്ലാ സംരംഭങ്ങളുമെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ ടിക്കറ്റിംഗ്, മെമ്പര്‍ഷിപ്, ഫാന്‍ എന്‍ഗേജ്മെന്റ് വിഭാഗങ്ങളുടെ മേധാവി സന്ദീപ് ജാദവ് പറയുന്നു.

ഏത് ഫുട്‌ബോള്‍ ക്ലബ്ബിനും ആവശ്യപ്പെടാന്‍ കഴിയുന്നതിനേക്കാള്‍ മികച്ച പിന്തുണ നല്‍കുന്ന ആരാധകര്‍ തങ്ങളോടൊപ്പമുണ്ട്. ആരാധകര്‍ക്ക് 2019 ഒക്ടോബര്‍ 8 മുതല്‍ 999 രൂപനിരക്കില്‍ http://www.keralablastersfc.in/ എന്ന വെബ്‌സൈറ്റ് ലിങ്കിലൂടെ കെബിഎഫ്സി ട്രൈബ്‌സ് പാസ്‌പോര്‍ട്ട് അംഗത്വം നേടാം.